അവില്‍ കൊണ്ട് ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കാറുണ്ടോ? വീട്ടിലെ എല്ലാവർക്കും ഒരു പോലെ പ്രിയപ്പെട്ട ഒരു സ്നാക്ക്

അരിയുണ്ട പോലത്തെ അവിൽ ഉണ്ട തയ്യാറാക്കാം. അവിൽ വെച്ച് തയ്യാറാക്കുന്നതുകൊണ്ട് ശരീരത്തിന് വളരെ നല്ലതായിരിക്കും, ഒപ്പം ഇത് ഒരുപാട് നാളത്തേക്ക് സൂക്ഷിച്ചുവെക്കാനും സാധിക്കും.

ഇത് തയ്യാറാക്കാൻ വേണ്ടി മൂന്ന് കപ്പ് അവിൽ എടുക്കുക, ഇനി ഇതിനുള്ളിലെ കല്ലും മണ്ണും അങ്ങനെയൊക്കെ ഉണ്ടെങ്കിൽ അത് എടുത്തു മാറ്റേണ്ടതാണ്, ശേഷം അവിൽ വർത്തെടുക്കുവാൻ വേണ്ടിയിട്ട് ഒരു പാത്രം അടുപ്പത്ത് വെച്ച് വെറുതെ അവിൽ ഇട്ടുകൊടുത്തു ചെറുതായി കളർ മാറുന്നതുവരെ മാത്രം ലോ ഫ്ലേയിമിൽ വറുത്തെടുക്കുക ( ചെറുതായി ചൂടായി ക്രിസ്‌പിയായി വരുന്നത് ആകണം ഇതിൻറെ പരുവം).

ശേഷം ഫ്ലെയിം ഓഫ് ചെയ്തു അവിൽ മാറ്റി വെക്കാം. എന്നിട്ട് വേറൊരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്തു അത് ചൂടാകുമ്പോൾ മൂന്ന് ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് നുറുക്കിയത് ഇട്ടുകൊടുത്തു ഫ്രൈ ചെയ്യാം, തീ ലോ ഫ്ലെയിമിൽ തന്നെ വച്ചാൽ മതിയാകും.എന്നിട്ട് അതിൻറെ കളർ മാറി വരുമ്പോൾ അത് മാറ്റി, ഇൗ നെയ്യിലേക്ക് തന്നെ ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരിയും ഇട്ടു ഫ്രൈ ചെയ്യുക, ഇൗ മുന്തിരി വീർത്ത് വരുമ്പോൾ അതും എടുത്ത് മാറ്റാവുന്നതാണ്.

ഇനി ബാക്കിയുള്ള നെയ്യിലേക്ക് ഒരു കപ്പ് നാളികേരം ചിരവിയത് ചേർത്ത് കൊടുത്തു അതൊന്നു ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചത്, ഒപ്പം അര ടീസ്പൂൺ ചുക്കുപൊടി കൂടി ചേർക്കാം, പിന്നെ നാളികേരത്തിന്റെ നിറം മാറി സ്വർണ നിറം ആകുമ്പോൾ അതിലേക്ക് നേരത്തെ വറുത്തുവച്ചിരിക്കുന്ന അവിൽ മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചത് ചേർത്ത് കൊടുക്കാം, ഇനി ഇതൊന്നും മിക്സ് ചെയ്തു ചൂടായി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തു നേരത്തെ വറുത്തു വച്ച ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം.

ശേഷം ഈ മിക്സ് വേറൊരു പാത്രത്തിലേക്ക് മാറ്റണം ഇല്ലെങ്കിൽ കരിഞ്ഞു പോകും, എന്നിട്ട് കൈകൊണ്ട് പിടിക്കാവുന്ന രീതിയിലുള്ള ചൂടാകുന്നത് വരെ ക്ഷമിക്കുക.അതുകഴിഞ്ഞ് 250 ഗ്രാം ശർക്കര രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ ഉരുക്കി നല്ല കട്ടിയിൽ ഉള്ള സിറപ്പ് പോലെ ആക്കിയത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം (നിങ്ങളുടെ മധുരത്തിന് അനുസരിച്ച് ശർക്കര ഉരുക്കിയാൽ മതിയാകും). എന്നിട്ട് ഇതെല്ലാംകൂടി ഒന്നും മിക്സ് ചെയ്തു കൈകൊണ്ട് പൊടിഞ്ഞു പോകാത്ത രീതിയിൽ ഓരോ ഉണ്ടകൾ ആക്കി വയ്ക്കാവുന്നതാണ്.

ഇത് വൈകിട്ട് ചായയുടെ കൂടെ ഒക്കെ കഴിക്കുവാനുള്ള നല്ല ബെസ്റ്റ് പലഹാരം ആയിരിക്കും. പക്ഷേ ഇത് എപ്പോഴും കാറ്റ് കടക്കാത്ത ഒരു പാത്രത്തിനുള്ളിൽ വേണം സൂക്ഷിക്കാൻ, ആവശ്യമുള്ളപ്പോൾ മാത്രം തുറന്നു എടുത്താൽ മതിയാകും.