ഒരേ ദോശ മാവ് കൊണ്ട് 3 വെറൈറ്റി ദോശകൾ തയ്യാറാക്കാം, നിമിഷ നേരം കൊണ്ട്

ദോശ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും അല്ലെ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ദോശ ഇഷ്ടമാവും. പലതരം ദോശകൾ ഉണ്ട്. ഗോതമ്പു ദോശ,അരിപ്പൊടി ദോശ ,പുളി ദോശ,റവ ദോശ ,നീർ ദോശ ,മസാല ദോശ, ചെറു പയർ ദോശ etc. അപ്പോൾ ഈ ദോശ മാവ് കൊണ്ട് വെറൈറ്റി ദോശ ഉണ്ടാക്കി കൊടുത്താലോ.. അവർക്കെന്തായാലും ഇഷ്ടപ്പെടും. അപ്പൊ പിന്നെ തുടങ്ങാം അല്ലെ.

ആദ്യം നമുക്ക് ദോശ ബാറ്റർ ഉണ്ടാക്കിയെടുക്കണം. അതിനായി 1 1/2 കപ്പ് പച്ചരി ,1/2 കപ്പ് ഉഴുന്ന് ,2 സ്പൂൺ ഉലുവ എന്നിവ നന്നായി കഴുകിയെടുത്തു വെള്ളത്തിൽ 4 മണിക്കൂർ കുതിരാൻ ഇടുക. ശേഷം ഇവ നന്നായി അരച്ചെടുക്കുക .ഇനി ഈ മാവ് കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഫെർമെൻറ് ചെയ്യാൻ വക്കണം .ഉണ്ടാക്കുന്ന നേരത്തുമാത്രം ഉപ്പ് ചേർത്ത് കൊടുക്കുക. അപ്പോൾ നല്ല മാവ് നമുക്ക് കിട്ടും .

ഇനി ആദ്യത്തെ വെറൈറ്റി ദോശ തയ്യാറാക്കാം. ഇത് മുട്ട ദോശയാണ് അതിനു വേണ്ടി പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക ഇനി ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരിയൊഴിച്ചു പരത്തിയെടുക്കുക. എന്നിട്ട് അതിലേക്ക് മുട്ടക്കൂട്ട് ചേർത്തു ഒന്നുകൂടി പരത്തുക. അതിനു മുകളിലായി സവാള പൊടിയായി അരിഞ്ഞത് 2 സ്പൂൺ ,പച്ചമുളക് പൊടിയായി അരിഞ്ഞത് 1 സ്പൂൺ ,കറിവേപ്പില അരിഞ്ഞത് 1 സ്പൂൺ ,കുരുമുളക് പൊടി 1/2 സ്പൂൺ എന്നിവ ചേർത്ത് കൊടുക്കുക. ശേഷം മുകളിൽ 2 സ്പൂൺ ഓയിൽ തൂവി കൊടുക്കുക . ചെറിയ തീയിൽ അടച്ചു വച്ചു വേവിക്കുക. ഇത് മറിച്ചിടേണ്ട ആവശ്യം ഇല്ല. ഇപ്പോൾ നമ്മുടെ എഗ്ഗ് ദോശ റെഡിയായി.

രണ്ടാമത്തെ ദോശ റെഡിയാക്കാം. ഈ ദോശ ഊത്തപ്പം സ്റ്റൈൽ ആണ് പാൻ ചൂടാക്കി മാവ് കോരിയൊഴിക്കുക. പരത്തെണ്ട ആവശ്യം ഇല്ല. ഇനി അതിലേക്ക് 2 സ്പൂൺ സവാള ഗ്രേറ്റ് ചെയ്തതും ,രണ്ടു സ്പൂൺ കാരററ് ഗ്രേറ്റ് ചെയ്തതും ചേർക്കുക. ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും കറിവേപ്പില അരിഞ്ഞതും ചേർത്ത് കൊടുക്കുക. അതിനു മുകളിലായി 2 സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. മൂടി വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക . ഇത് വേണമെങ്കിൽ മറിച്ചിട്ടുകൊടുക്കാം.

മൂന്നാമത്തെ ദോശ കുറച്ചു എരിവുള്ള ദോശയാണ്. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ഒരു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. 1 സ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക . ശേഷം ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്തു വഴറ്റുക .അതിലേക്ക് 1/ 2 സ്പൂൺ മുളക് പൊടി , 1/2 സ്പൂൺ മല്ലിപ്പൊടി ,1/4 സ്പൂൺ മഞ്ഞൾപൊടി ,1 / 4 സ്പൂൺ ഗരം മസാല എന്നിവ ചേർത്തു നന്നായി വഴറ്റുക.ഇനി അതിലേക്ക് 2 തക്കാളി മിക്സിയിൽ അരച്ചത് ചേർത്തു നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത് കുറച്ചുനേരം അടച്ചു വക്കുക. ഇനി മൂടി തുറന്നു നോക്കുമ്പോൾ വെള്ളമെല്ലാം കുറുകിയ പാകമായിട്ടുണ്ടാകും. അതിലേക്ക് കുറച്ച മല്ലിയിലയും ,കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർക്കണം. ഇനി ദോശ പാൻ വച്ചു ചൂടാക്കി ഒരു തവി മാവ് കോരി ഒഴിച്ച് നന്നായി പരത്തുക. ഇനി അതിനു മുകളിലായി നമ്മുടെ തക്കാളി ഉള്ളി മസാല പേസ്റ്റ് 2 സ്പൂൺ എല്ലായിടത്തും ആകുന്ന വരെ പരത്തുക. ഇനി മൂടി വച്ച് ചെറുതീയിൽ ദോശ ചുട്ടെടുക്കുക. ദോശക്കു മുകളിൽ ഓയിൽ തൂവാൻ മറക്കരുത്. ഇപ്പോൾ നമ്മുടെ ടൊമാറ്റോ ദോശ റെഡി. മുകളിൽ പറഞ്ഞ എല്ലാ ദോശക്കും തേങ്ങാ ചട്നിയും ,ഉള്ളി ചമ്മന്തിയും സൂപ്പർ കോമ്പിനേഷൻ ആണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *